കൊല്ലം : കൊല്ലത്ത് വിവിധ ഭാഷാ തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് നീണ്ടകര, ചെട്ടികുളങ്ങര എന്നിവിടങ്ങളിലെ ബോട്ടുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.
തോപ്പില്‍ കടവ് ഭാഗത്താണ് തൊഴിലാളികള്‍ പ്രതിഷേധവുമായി ഒത്തു കൂടിയത്. വിവരം അറിഞ്ഞെത്തിയ പോലീസ് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ലാത്തി വീശിയത്.
ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണ് വിവിധ ഭാഷാ തൊഴിലാളികള്‍. മഴക്കാലം ആരംഭിക്കുന്നതോടെ ട്രോളിംഗിന് നിരോധനം ഏര്‍പ്പെടുത്തും. ഇത് ഇവരുടെ പ്രതിസന്ധി ഇരട്ടിയാക്കും. ഈ സാഹചര്യത്തിലാണ് നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ രംഗത്ത് എത്തിയത്.
കൊല്ലത്തു നിന്നും നേരത്തെ വിവിധ ഭാഷാ തൊഴിലാളികളുമായി ഒരു തീവണ്ടി പശ്ചിമ ബംഗാളിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് ആര്‍ക്കും പോകാന്‍ തീവണ്ടി ലഭിച്ചില്ല. നാട്ടില്‍ പോകണമെന്ന ആവശ്യവുമായി ഇവര്‍ ആദ്യം കൊല്ലം കളക്ട്രേറ്റിന് മുന്‍പിലാണ് എത്തിയതെങ്കിലും പോലീസുകാരെ കണ്ടതിനെ തുടര്‍ന്ന് പിരിഞ്ഞു പോകുകയായിരുന്നു.