ന്യൂഡല്‍ഹി : സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി കൊളംബോയിലേക്ക് പുറപ്പെട്ട നാവിക കപ്പല്‍ ഐഎന്‍എസ് ജലാശ്വ ഇന്ന് യാത്ര തിരിക്കും. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ കുടുങ്ങിക്കിടന്ന 700 യാത്രക്കാരുമായാണ് കപ്പല്‍ മടങ്ങുന്നത്. യാത്രക്കാരുമായി കപ്പല്‍ തമിഴ്നാട്ടിലെ തൂത്തുക്കുടി തീരത്താണ് എത്തുക.
രണ്ടാം ഘട്ട സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും പുറപ്പെട്ട കപ്പല്‍ ഇന്ന് രാവിലെയാണ് കൊളംബോ തീരത്ത് എത്തിയത്. കപ്പലിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കും. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമാണ് യാത്രചെയ്യാന്‍ അനുമതി നല്‍കുക. യാത്രക്കാരെ കയറ്റുന്നതിനു മുന്‍പായി കപ്പല്‍ അണുവിമുക്തം ആക്കും. സാമൂഹിക അകലവും മറ്റ് നിര്‍ദ്ദേശങ്ങളും പാലിച്ചാകും മടക്കയാത്ര.
യാത്രക്കാരെ ഇരുത്തുന്നതിനായി കപ്പലിനകം റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചിട്ടുണ്ട്. കൊളംബോയില്‍ നിന്നും കയറുന്ന എല്ലാ യാത്രക്കാരെയും റെഡ് സോണില്‍ ആയിരിക്കും ഇരുത്തുക. ഇവരെ സഹായിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കായാണ് ഓറഞ്ച് സോണ്‍. കപ്പിത്താന്മാര്ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായാണ് ഗ്രീന്‍ സോണ്‍.
യാത്രക്കാര്‍ക്ക് ഓരോ ദിവസങ്ങളിലും പുതിയ മാസ്കുകള്‍ നല്‍കും. സാനിറ്റൈസറുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്കായി മെഡിക്കല്‍ സംഘത്തെയും കപ്പലില്‍ നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കും, യാത്രക്കാരുമായി ഇടപഴകുന്നവര്‍ക്കും പിപിഇ കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.