ദോഹ* കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേര്‍ കൂടി ഖത്തറില്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 40 ആയി. അന്‍പതും അന്പത്തിയെട്ടും വയസുള്ളവരാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കൂടിയുണ്ടായിരുന്നവരാണ് ഇരുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഞായറാഴ്ച മരണമടഞ്ഞ രണ്ടുപേരില്‍ ഒരാള്‍ മലയാളിയാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി വടക്കൂട്ട് വേലായി മോഹന്‍(59) ആണ് മരണമടഞ്ഞ മലയാളി. ഇന്റീരിയര്‍ ഡിസൈനറായ മോഹന്‍ 30 വര്‍ഷം മുമ്പാണ് ഖത്തറിലെത്തിയത്. ഞായര്‍ രാവിലെ 9ന് ആയിരുന്നു മരണം. ഭാര്യയും രണ്ടു മക്കളുമുണ്ട്.
പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം കൂടുകയാണ് ഖത്തറില്‍. ഇന്ന് 3,147 പേര് രോഗമുക്തരായതോടെ സുഖം പ്രാപിച്ചവര്‍ 33,437 ആയി. 24,956 പേരേ ഇപ്പോള്‍ ചികിത്സയിലുള്ളൂ. ഇതില്‍ ആശുപത്രികളിലുള്ളത് 1,493 പേര്മാത്രം. രോഗം കഠിനമല്ലാത്ത ബാക്കിയെല്ലാവരും ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വിവിധ ക്വാറന്റൈന് സെന്ററുകളിലോ ഹോട്ടലുകളിലോ വീടുകളിലോ ആണു കഴിയുന്നത്. അഞ്ച് കോവിഡ് ആശുപത്രികളലെ അതിതീവ്രപരിചരണ വിഭാഗത്തിലുള്ളത് 240 പേരാണ്. ഇതില്‍ 22 പേര് 24 മണിക്കൂറിനിടെ ഐസിയുവില്‍ പ്രവേശിപ്പിച്ചവരാണ്.
ഇന്നു രോഗം സ്ഥിരീകരിച്ചത് 1,523 പേര്‍ക്കാണ്. 3,850 പേര്‍ക്ക് പരിശോധന നടത്തിയതോടെ ആകെ പരിശോധനകള്‍ 2,25,919 ആയി. സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് കോവിഡ് ട്രാക്കര്‍ ആപ്പ്(ഇഹ്തിരാസ്) പരിശോധിച്ചാണ് ഇപ്പോള്‍ ഇടപാടുകാരെ പ്രവേശിപ്പിക്കുന്നത്. ശരീരോഷ്മാവ് പരിശോധനയുമുണ്ട്