കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ കാര്യത്തിൽ കേരള കോൺഗ്രസ് (എം) ഒരു വിട്ടുവീഴ്ചയും വേണ്ടന്നു ജോസ് വിഭാഗം. ഇന്നലെ ചേർന്ന ഉന്നതാധികാര സമിതി യോഗം ആണ് ഈ തീരുമാനം എടുത്തത്. കെ എം മണിയുടെ കാലത്ത് ഉണ്ടാക്കിയ കരാർ അതേപടി നടത്തുമെന്നും ജോസഫ് വിഭാഗം യുഡിഎഫിനെ ദുർബല പെടുത്താൻ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുക ആണെന്നും ജോസ് കെ മാണി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കാൻ ആണ് ജോസ് വിഭാഗം ഉന്നതാധികാര സമിതി യോഗം ചേർന്നത്. കെ.എം മാണി പാർട്ടി ചെയർമാൻ എന്ന നിലയിൽ രൂപംകൊടുത്ത കരാർ അനുസരിച്ചാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ കരാർ അതേപടി തുടരുകയാണ് വേണ്ടതെന്ന ഉറച്ച നിലപാടാണ് പാർട്ടിക്കുഉള്ളതെന്നു ജോസ് കെ മാണി പറഞ്ഞു.
ഒരു കാരണവുമില്ലാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റണമെന്ന വാദം അധാർമികമാണ്. അനാവശ്യ വിവാദങ്ങൾ ഉയർത്തി യുഡിഎഫിലെ ഐക്യത്തിന്റെ അന്തരീക്ഷം തകർക്കാൻ തുടർച്ചയായി ജോസഫ് വിഭാഗം ശ്രമിക്കുക ആണെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. മുന്നണി മാറ്റത്തെ കുറിച്ച് ആലോചിച്ചിട്ടില്ല എന്നും ആരാണ് അതിനു ശ്രമിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം എന്നും ജോസ് കെ മാണി കൂട്ടി ചേർത്തു.