കൊച്ചി: നടന് പൃഥ്വിരാജിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ്. ആടുജീവിതം സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വിദേശത്തു നിന്നും മടങ്ങിയെത്തിയതിനാലാണ് പരിശോധന നടത്തിയത്. മെയ് 22നാണ് അദ്ദേഹം ജോര്‍ദ്ദാനില്‍ നിന്നും കൊച്ചിയില്‍ മടങ്ങിയെത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പൃഥ്വിരാജും സംവിധായകന് ബ്ലസിയും അടങ്ങുന്ന 58 അംഗ സംഘം ജോര്‍ദാനില്‍ നിന്നും മടങ്ങിയെത്തിയത്. തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റെയ്ന് കേന്ദ്രത്തില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ക്വാറന്റെയ്്ന് പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങും.
മാര്‍ച്ച് 15നാണ് പൃഥ്വിരാജും സംഘവും ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലെത്തിയത്. ഷൂട്ടിംഗ് പുരോഗമിക്കവേ കൊറോണ ഭീഷണിയെ തുടര്‍ന്ന് ജോര്‍ദ്ദാനില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ക്കിടയിലും സിനിമയുടെ ചിത്രീകരണം സംഘം പൂര്‍ത്തിയാക്കിയിരുന്നു. തങ്ങള്‍ സുരക്ഷിതരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ പൃഥ്വിരാജ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.