കൊച്ചി: പ്രളയ ദുരിതാശ്വാസ ക്യാമ്പിനെന്ന പേരില്‍ വിദേശത്തുനിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം പിരിച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ സി.എ. നിഷാദിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കാക്കനാട് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
അറസ്റ്റു ചെയ്ത നിഷാദിനെ ചോദ്യം ചെയ്യലിനു ശേഷം ജാമ്യത്തില്‍ വിട്ടു. കാക്കനാട് കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് കേസ്സെടുത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് നിഷാദ് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്പില് ഹാജരാകാനും ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ജാമ്യം അനുവദിച്ചത്.
2018ലെ മഹാപ്രളയത്തില്‍ തൃക്കാക്കര നഗരസഭയിലെ കൊല്ലംകുടിമുകളില്‍ നടത്തിയ ക്യാമ്പിന്റെ പേരില്‍ നിഷാദ് പണം സ്വരൂപിച്ചതായാണ് കണ്ടെത്തല്‍ . നിഷാദിന്റെയും ബന്ധുക്കളുടെയും അക്കൗണ്ട് വിശദാംശങ്ങളും 2018 ആഗസ്റ്റില്‍ ഇയാള്‍ നടത്തിയ ബാങ്ക് ഇടപാടുകളുടെ മുഴുവന്‍ രേഖകളും പോലീസ് ശേഖരിക്കുന്നുണ്ട്.