കൊച്ചി; എറണാകുളത്ത് സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. 2018 ലെ പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന എ ഡി എമ്മിന്റെ പരാതിയിലാണ് പുതിയ കേസ്.എറണാകുളം കളക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയ ഫണ്ട് തട്ടിപ്പില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
കളക്ട്രേറ്റ് ജീവനക്കാരന്റെ നേതൃത്വത്തിലുള്ള 27 ലക്ഷം രൂപയുടെ പ്രളയ ഫണ്ട് തട്ടിപ്പാണ് ആദ്യം പുറത്തുവന്നത്. തട്ടിപ്പില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടാവാമെന്ന സംശയത്തിനു പിന്നാലെയാണ് ആഭ്യന്തര അന്വേഷണത്തിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ അന്വേഷണത്തിലാണ് ദുരിതാശ്വാസ വിഭാഗത്തില്‍ നിന്ന് പണം നേരിട്ട് തട്ടിയെടുത്തെന്ന പുതിയ കണ്ടെത്തല്‍ ഉണ്ടാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിഎം ക്രൈം ബ്രാഞ്ചിന് രണ്ടാമത്തെ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എഴുപത്തി മൂന്ന് ലക്ഷത്തി പതിമൂവായിരത്തി നൂറ് രൂപയുടെ കുറവാണ് കണ്ടെത്തിയത്. ഈ പണം നേരത്തെ തട്ടിപ്പിന് അറസ്റ്റിലായവര്‍തന്നെ തിരിമറി നടത്തിയതാകാമെന്നാണ് ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കളക്ട്രേറ്റ് വഴി സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് വ്യാജ രസീതാണ് നല്‍കിയത്. ഈ വവിരങ്ങള്‍ എഡിഎം ക്രൈം ബ്രാഞ്ചിന് കൈമാറി.
പണാപഹരണം, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടെ
അഞ്ചോളം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. പ്രളയ ഫണ്ട് തട്ടിപ്പിലെ ഒന്നാം പ്രതിയായ കളക്ട്രേറ്റ് ജീവനക്കാരന് വിഷ്ണു പ്രസാദ് പണം തട്ടാന്‍ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകള്‍ കളക്ട്രേറ്റില്‍ ക്രൈം ബ്രാഞ്ച് സഹായത്തോടെ നടന്ന പരിശോധനയില്‍ കണ്ടെടുത്തിരുന്നു.
തൃക്കാക്കരയിലെ പ്രാദേശിക സി പി എം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍ . തൃക്കാക്കരയിലെ സിപിഎം നേതാക്കള്‍ കേസില്‍ പ്രതികളാണ്. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന അന്‍വര്‍, ഭാര്യ ഖൗറത്ത്, എന്‍എന്‍ നിതിന്‍, നിതിന്റെ ഭാര്യ ഷിന്റു എന്നിവര്‍ കേസില്‍ പ്രധാന പ്രതികളാണ്. സിപിഎം നിയന്ത്രിക്കുന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡംഗം വരെ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. 73 ലക്ഷം രൂപയുടെ പുതിയ കേസില്‍ ഈ പ്രതികളുടെ പങ്കായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.