റിയാദ്: തുടർച്ചയായി 8 ദിവസം കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറവ് രേഖപ്പെടുത്തിയ ശേഷം 2171 കേസുകൾ സൗദിയിൽ പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 91182 കടന്നതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം രോഗമുക്തരാകുന്നവർ 74 ശതമാനത്തിലധികമാണ്. ഇതുവരെ 68159 പേർ സുഖം പ്രാപിച്ചു. സൗദി അറേബ്യയിൽ താരതമ്യേന കുറഞ്ഞ മരണസംഖ്യ ആണ് രേഖപ്പെടുത്തുന്നത്. 30 മരണങ്ങൾ പുതുതായി രേഖപ്പെടുത്തിയത് ഉൾപ്പെടെ ആകെ മരണ സംഖ്യ 579 കടന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
1321 കേസുകൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുന്നതായി മന്ത്രാലയം വ്യക്തമാക്കി.
റിയാദിൽ 683, ജിദ്ദയിൽ 418, മക്കയിൽ 279, മദീനയിൽ 167, ദമ്മമിൽ 133 എന്നിങ്ങനെ ആണ് പുതുതായി ഏറ്റവും അധികം കേസുകൾ രെജിസ്റ്റർ ചെയ്ത പ്രദേശങ്ങൾ.