മലപ്പുറം: മലപ്പുറത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ ജോർദാനിൽ നിന്നും പൃഥ്വിരാജിനൊപ്പം എത്തിയ ഒരാളും. മെയ് 22 ന് പ്രത്യേക വിമാനത്തിൽ എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ബ്ലെസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി സംഘത്തോടൊപ്പം ഭാഷ പരിഭാഷകനായാണ് അദ്ദേഹം ജോർദാനിലേക്ക് പോയത്.
എടപ്പാളിലെ കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന അദ്ദേഹം പിന്നീട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിക്കുന്നത്. തുടർന്ന് ഇദ്ദേഹത്തെ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഘത്തിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയതോടെ ജോർദാനിൽ നിർത്തിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ മിക്കവരും വീടുകളിൽ നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്.
അതേസമയം പൃഥ്വിരാജിന്റെ കൊറോണാ പരിശോധനാഫലം നെഗറ്റീവ് ആണ്.