വാഷിംഗ്ടൺ: വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധി പ്രതിമ നശിപ്പിച്ചു. ആഫ്രിക്കൻ- അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന്റെ മരണത്തെ തുടർന്ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരാണ് പ്രതിമ തകർത്തതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ യുഎസ് പൊലീസ് അന്വേഷണം ആരംഭിച്ചു.
തുടർച്ചയായ എട്ടാം ദിവസമാണ് ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ പ്രതിഷേധം നടക്കുന്നത്. വാഷിംഗ്ടൺ ഡി സി, ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, ഷിക്കാഗോ തുടങ്ങി ഇരുപത്തിയഞ്ചിലധികം നഗരങ്ങളിൽ ജനങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. പല സ്ഥലത്തും അക്രമവും കൊള്ളയും വർധിച്ചിരിക്കുകയാണ്.
ഫ്ലോയിഡിന്റെ ജന്മനഗരമായ ടെക്സസിലെ ഹൂസ്റ്റനിലാണ് ഏറ്റവും വലിയ പ്രതിഷേധ പ്രകടനം നടന്നത്. പലസ്ഥലങ്ങളിലും ജനങ്ങൾ കർഫ്യു ലംഘിച്ചു. പ്രതിഷേധക്കാർ കർഫ്യു ലംഘിച്ചതോടെ ന്യൂയോർക്കിലെ മാൻഹാട്ടൻ ജില്ലയിൽ ഗതാഗതം നിരോധിച്ചു. പ്രദേശത്ത് കർഫ്യൂ ഒരാഴ്ച്ചത്തേക്ക് നീട്ടി ഇരിക്കുകയാണ്.