ന്യൂഡല്‍ഹി : ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസനുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി പ്രധാന മന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്കോട്ട് മോറിസന്റെ ഇന്ത്യന്‍ സന്ദര്‍ശനം തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് ഓണ്‍ലൈനിലൂടെ ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തന്റെ ക്ഷണം സ്വീകരിച്ച് ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതില്‍ മോറിസന് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സമാന താല്പര്യത്തിലും മൂല്യങ്ങളിലും അടിയുറച്ചതാണ് ഇരുരാജ്യങ്ങളുടെയും ബന്ധം. ആ ദൃഢ ബന്ധം ഒന്നു കൂടി ഊട്ടി ഉറപ്പിക്കാന്‍ അനുയോജ്യമായ സമയമാണ് ഇതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ അനന്തമായ അവസരങ്ങളാണ് ഉള്ളത്. എന്നാല്‍ ഈ അവസരങ്ങളെ യാഥാര്‍ത്ഥ്യമാക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഇരുരാജ്യങ്ങളുടെയും സ്ഥിരതക്ക് സൗഹൃദമാണ് കാരണം. ഈ സൗഹൃദം ഇന്തോ-പസഫിക് മേഖലയ്ക്കും ലോകത്തിനും ഏറെ പ്രധാനമാണ്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഓസ്ട്രേലിയയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ഇന്ത്യയിലേക്ക് എത്തിപ്പെടാന്‍ ആകാതെ കുടുങ്ങിക്കിടന്നത്. എന്നാല്‍ അവരെയെല്ലാം സംരക്ഷിച്ച സ്കോട്ട് മോറിസണ്‍ നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.