കൊല്ലം : അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടിത്തിയ കേസിലെ പ്രതിയായ സൂരജിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. പുനലൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സൂരജിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂരജിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാന്‍ ഇരിക്കെയാണ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ വിടണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂരജിന്റെ കസ്റ്റഡി കാലവധി നീട്ടികൊണ്ട് കോടതി ഉത്തരവിട്ടത്.
അതേസമയം ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തില്‍ കുടുംബത്തിന്റെ പങ്ക് സംബന്ധിച്ച വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്. ബാങ്ക് ലോക്കര്‍ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.
പത്ത് പവന് സ്വര്‍ണ്ണമാണ് ബാങ്ക് ലോക്കറില്‍ നിന്നും പോലീസ് കണ്ടെത്തിയത്. ബാങ്ക് ലോക്കറിന്റെ പരിശോധനക്ക് ശേഷം സൂരജിനെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.