ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചികിത്സ ലഭിക്കാതെ കൊറോണ രോഗി മരിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനു പിന്നാലെയാണ് രോഗി മരിച്ചത്. ഇതോടെ കെജ്രിവാള് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മരിച്ച വ്യക്തിയുടെ മകള്‍ രംഗത്തെത്തി.
ഡല്‍ഹി സ്വദേശിയായ അമര്പ്രീതിനാണ് അധികൃതരുടെ അനാസ്ഥ മൂലം സ്വന്തം അച്ഛനെ നഷ്ടമായത്. ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമര്‍പ്രീതിന്റെ അച്ഛന് കടുത്ത പനിയും ശ്വാസതടസം അനുഭവപ്പെട്ടതിനേ തുടര്‍ന്ന് എല്‍എന്‍ജെപി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്കി. എന്നാല്‍ രാവിലെ 8 മണിയോടെ എല്‍എന്‍ജെപി ആശുപത്രിയിലെത്തിയപ്പോള്‍ അധികൃതര്‍ റഫറന്‍സ് ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അമര്‍പ്രീത് ഡല്‍ഹി എംഎല്‍എ ദിലീപ് പാണ്ഡെ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ എന്നിവരെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്, അമര്‍പ്രീത് തിരികെ ഗംഗാറാം ആശുപത്രിയിലെത്തി മടങ്ങിയപ്പോഴേക്കും അച്ഛന് മരിച്ചു കഴിഞ്ഞിരുന്നു. ഇതോടെ, ആശുപത്രിക്ക് പുറത്ത് കാത്തുനിന്ന തന്റെ അച്ഛന് മരിച്ചെന്ന് അറിയിച്ചുകൊണ്ട് അമര്‍പ്രീത് വീണ്ടും ട്വീറ്റ് ചെയ്തു. ഡല്‍ഹി സര്‍ക്കാര്‍ തങ്ങളെ തോല്‍പ്പിച്ചു കളഞ്ഞെന്നും വളരെ വേഗത്തില്‍ നടപടിയെടുത്തതിന് നന്ദി അറിയിക്കുന്നതായും അമര്‍പ്രീത് വിമര്‍ശിച്ചു.
ഡല്‍ഹി സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍എന്‍ജെപി ആശുപത്രിയില്‍ കൊറോണ രോഗികളെ ചികിത്സിക്കാനായി 2000 കിടക്കകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 1,129 എണ്ണവും ഒഴിഞ്ഞു കിടക്കുന്നതിനിടയിലാണ് അധികൃതരുടെ അനാസ്ഥ കാരണം ഒരു ജീവന് നഷ്ടമായത്. നേരത്തെ, ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.