ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരരുടെ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പ്രദേശവാസിയായ ഇംതിയാസ് അഹമ്മദിനാണ് പരിക്കേറ്റത്. ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുല്‍ഗാമിലെ യാരിപ്പോര പ്രദേശത്തായിരുന്നു ആക്രമണം.
യാരിപ്പോരയിലെ മാര്‍ക്കറ്റ് പരിസരത്ത് വിന്യസിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാറില്‍ എത്തിയ ഭീകരര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ പ്രദേശവാസിയുടെ നെഞ്ചിലാണ് പരിക്കേറ്റിരിക്കുന്നത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് സൂചന. അനന്തനാഗിലെ ജിഎംസി ആശുപത്രിയിലാണ് നിലവില്‍ ഇംതിയാസ് ചികിത്സയില്‍ കഴിയുന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരര്‍ എത്തിയ കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മാര്‍ക്കറ്റിന്റെ പരിസര പ്രദേശങ്ങളില്‍ പോലീസ് പരിശോധന നടത്തിവരികയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നിരവധി ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയത് എന്നാണ് നിഗമനം.