ന്യൂഡല്‍ഹി : വിലക്ക് ലംഘിച്ച് നിസാമുദ്ദീന്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. തബ്ലീഗില് പങ്കെടുത്ത 960 വിദേശികള്‍ക്കാണ് ഇന്ത്യയില്‍ പ്രവേശിപ്പിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പത്ത് വര്‍ഷത്തേക്കാണ് വിലക്ക്.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ 960 പേരും വിസാ ചട്ടങ്ങള്‍ ലംഘിച്ചതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ ആഭ്യന്തര മന്ത്രാലയം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ ഇവരുടെ വിസയും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളില്‍ ടൂറിസ്റ്റ് വിസയിലാണ് രാജ്യത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍ മത ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്നാണ് നിയമം. എന്നാല്‍ ഇത് ലംഘിച്ചാണ് ഇവര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത്.
മാര്‍ച്ച് 13 നാണ് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തബ്ലീഗ് മത സമ്മേളനം സംഘടിപ്പിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മത സമ്മേളനങ്ങളും കൂടിച്ചേരലുകളും വിലക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ പങ്കെടുത്തവര്‍ക്കും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും വ്യാപകമായി കൊറോണ സ്ഥിരീകരിക്കാന്‍ ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി ആരംഭിച്ചത്.