തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 47 പേര് വിദേശത്തു നിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 39 പേര് രോഗമുക്തി നേടി.
പത്തനംതിട്ടയില്‍ 14 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊല്ലം 11, ആലപ്പുഴ 8, തിരുവനന്തപുരം 5, കാസര്‍ഗോഡ് 12, കോഴിക്കോട് 10, മലപ്പുറം 8, തൃശൂര്‍ 4, കോട്ടയം 5, പാലക്കാട് 7, കണ്ണൂര്‍ 6, വയനാട് 2, എറണാകുളം 2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
225 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ 99,964 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം, 24 മണിക്കൂറിനിടെ മൂന്ന് പേര് രോഗം ബാധിച്ചു മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് രോഗം ബാധിച്ച് മരിച്ചത്.
ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതിന്റെ മാര്‍ഗ നിദ്ദേശങ്ങള്‍ വരാനുണ്ട്. നിയന്ത്രണ വിധേയമായി ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ച നടന്നു. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്നാണ് മത നേതാക്കള്‍ വ്യക്തമാക്കിയതെന്നും ഇന്നത്തെ ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.