തിരുവനന്തപുരം: സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സംശയിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മൂന്ന് പേരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. പോലീസും വനം വകുപ്പും സംയുക്തമായാണ് അന്വേഷിക്കുക. ജില്ലാ പോലീസ് മേധാവിയും ഡിഎഫ്ഒയും ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ചു. കുറ്റവാളികളെ കണ്ടെത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്നു രാവിലെ മുതല്‍ തന്നെ വനം വകുപ്പും പോലീസും പ്രദേശത്തെ നിരവധി ആളുകളില്‍ നിന്ന് മൊഴി എടുത്തിട്ടുണ്ട്. ചില തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധനയും നടത്തി. എന്നാല്‍, മുറിവിന് കാലപ്പഴക്കമുളളതിനാല് പ്രദേശത്ത് വച്ച് തന്നെയാണോ മുറിവുണ്ടായത് എന്നും സ്ഫോടകവസ്തു പൈനാപ്പിളില്‍ തന്നെയാണോ വെച്ചിരുന്നത് എന്ന കാര്യത്തിലും ഉറപ്പു പറയാനാവില്ലെന്ന് മണ്ണാര്‍ക്കാട് ഡിഎഫ്ഒ പറഞ്ഞു.