ഹൈദരാബാദ്: ക്വാറന്റെയ്ന് കേന്ദ്രത്തില്‍ പ്രേതബാധയുണ്ടെന്ന വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിച്ച വിവിധ ഭാഷാ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. ആന്ധ്രാപ്രദേശിലെ കുര്നൂലിലുള്ള ക്വാറന്റെയ്ന് കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിവിധ ഭാഷാ തൊഴിലാളിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും തിരിച്ചെത്തിയ 113 അംഗ തൊഴിലാളി സംഘത്തിലുണ്ടായിരുന്ന 47കാരനാണ് വ്യാജപ്രചാരണങ്ങളില്‍ വീണത്. ഗവ. മോഡല്‍ സ്കൂളിലാണ് ഇവര്‍ക്ക് ക്വാറന്റെയ്ന് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. എന്നാല്‍, സ്കൂളില്‍ പ്രേതബാധയുണ്ടെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതോടെ ഇയാള്‍ ഭയന്നു.
തന്നെ വിട്ടയക്കണമെന്ന് ഇയാള്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ഇതിന് തയ്യാറായില്ല. ഇതിനു പിന്നാലെയാണ് ക്വാറന്റെയ്ന് കേന്ദ്രത്തിലെ ജനാലയില്‍ ഇയാള്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഇയാള്ക്കൊപ്പമുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് അപകടം ഒഴിവായത്. തുടര്‍ന്ന് അഡോനിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.