ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ഇന്ത്യ-ചൈന തര്‍ക്കങ്ങള്‍ അയയുന്നതായി റിപ്പോര്‍ട്ട്. സമാധാനപരമായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറിയും ചൈനയുടെ വിദേശകാര്യ ഡയറക്ടര്‍ ജനറലും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇരുരാജ്യങ്ങളും അവലോകനം ചെയ്തു. ഇന്ത്യയും ചൈനയും തമ്മില്‍ നിരവധി കാര്യങ്ങളില്‍ വലിയ രീതിയിലുള്ള വ്യത്യാസമുണ്ടെങ്കിലും ഇവയെല്ലാം തന്നെ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാനുമാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ലോകത്തിന് ആകമാനം ഗുണകരമാകുമെന്നും പ്രതിനിധികള്‍ വിലയിരുത്തി.
നാളെ ഇരു സൈനിക മേധാവിമാരുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടക്കാനിരിക്കെ ശുഭ സൂചനകളാണ് പുറത്തുവരുന്നത്. ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ 14 സൈനികരാണ് ചൈനയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഷുഷുല്‍ – മോള്‍ഡോ അതിര്‍ത്തിയിലെ ബോര്‍ഡര്‍ പോയിന്റില്‍ വെച്ചാണ് ചര്‍ച്ച നടത്തുക.