ന്യൂഡല്‍ഹി; പാലക്കാട് ജില്ലയില്‍ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസ്സെടുത്തു.അന്വേഷണത്തിനായി ട്രൈബ്യൂണല്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ജിടി അന്വേഷണ സമിതിക്ക് നിര്‍ദേശം നല്കി.
മെയ് 27 ന് ആണ് പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ച് ആനയ്ക്ക് അപകടമുണ്ടായത്. മൂന്നുദിവസത്തിനു ശേഷം ആന ചരിയുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആണ് ആന ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഗര്‍ഭിണിയായ ആനയുടെ മരണം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
വന്യമൃഗ സംരക്ഷണത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും എന്‍ജിടി അഭിപ്രായപ്പെട്ടു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ജസ്റ്റിസ് കെ രാമകൃഷ്ണന്, സെയ്ബല്‍ ദാസ് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിഷയം പരിഗണിച്ചത്. പരിസ്ഥിതി വനം മന്ത്രാലയം, കേരള സര്‍ക്കാര്‍, കേന്ദ്രം എന്നിവര്‍ക്ക് ട്രൈബ്യൂണല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ജൂലൈ 10 ന് മുമ്പ് ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം.
”യഥാര്‍ത്ഥ സ്ഥിതിഗതികള്‍ അന്വേഷിക്കുന്നതിനും ,വന്യജീവികളെ സംരക്ഷിക്കുന്നതിനായി മനുഷ്യ-മൃഗങ്ങളുടെ സംഘര്‍ഷം കുറയ്ക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ പഠിക്കുന്നതിനായി സംയുക്ത സമിതിയെ നിയോഗിക്കുന്നത് ഉചിതമാണെന്നും ഗ്രീന്‍ ട്രൈബ്യൂണല്‍ വ്യക്തമാക്കി. അടുത്ത ജൂലൈ 10 ന് വിഷയം വീണ്ടും ട്രൈബ്യൂണല്‍ പരിഗണിക്കും