ആലപ്പുഴ : കായംകുളത്ത് മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടകളായ ഫിറോസ് ഖാന്, അജ്മല്‍, ഷമീം, സഫ്തര് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
കാപ്പ കേസിലെ പ്രതിയായ ആഷിക്കിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. മൂന്ന് മണിയോടെ ആഷിക്കിന്റെ വീട്ടില്‍ മാരാകായുധങ്ങളുമായി എത്തിയ ഗുണ്ടകള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആഷിക് വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഗുണ്ടാ സംഘം വീട്ടിലേക്ക് എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ പുറത്തുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ കായംകുളം പോലീസ് ഗുണ്ടകളെ കയ്യോടെ പിടികൂടുകയായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് സംഭവത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.