ഐസ്വാൾ : മിസോറാമിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിൽ 5.1 തീവ്രത രേഖപ്പെടുത്തി. മിസോറാമിലെ ഐസ്വാൾ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് വൈകീട്ട് 4.16 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഐസ്വാളിൽ നിന്നും 25 കിലോ മീറ്റർ വടക്ക് കിഴക്ക് മാറി 35 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. വലിയ പ്രകമ്പനത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അയൽ സംസ്ഥാനങ്ങളായ അസ്സം, മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമാണ് രാജ്യത്ത് ഉണ്ടാകുന്നത്. ഇന്ന് രാവിലെ ജമ്മു കശ്മീരിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
അതേസമയം ഡൽഹി, ഹരിയാന, ജമ്മു കശ്മീർ, ഗുജറാത്ത് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിരന്തരമായി ഭൂചലനങ്ങൾ ഉണ്ടാകുന്നുണ്ട്.