കുവൈറ്റ് സിറ്റി – ലോകത്തിന് ഭാരതീയ സംസ്കാരത്തിന്റെ വിലമതിക്കാനാകാത്ത ഉപഹാരമാണ് യോഗ. കുവൈറ്റ് ഭവന്‍സ് സ്മാര്‍ട്ട് ഇന്ത്യന്‍ സ്കൂളില്‍ അന്താരാഷ്ട്ര യോഗാദിനാചാരണം സംഘടിപ്പിച്ചു. യോഗപരിശീലകനും ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്കൈ യോഗ ഇന്‍സ്റ്റ്യുട്ട് സ്ഥാപകനുമായ പ്രൊഫ. മുത്തു മുഖ്യാതിഥിയായി പങ്കെടുത്തു.
മനസ്സിന്റെയും ശരീരത്തിന്റെയും ചിന്തകളുടേയും നിയന്ത്രണങ്ങളുടേയും സര്‍വ്വോപരി ആരോഗ്യത്തിന്റെയും സൗഖ്യത്തിന്റെയും മൂര്‍ത്തീഭാവമാണ് യോഗ എന്ന് പ്രൊഫ.മുത്തു തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. ആരോഗ്യകരമായ ജീവിതത്തിന്റെ ശക്തി തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും കാഴ്ചക്കാര്‍ക്ക് കാണിച്ചുകൊടുത്ത അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കൂടിച്ചേരലാണ് യോഗ എന്ന് ഓര്‍മ്മിപ്പിച്ചു.
പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പുവരുത്തി നിത്യപരിശീലനത്തിലൂടെ മനുഷ്യമനസ്സിന്റെ അനന്തസാദ്ധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമ മുറയാണ് യോഗ എന്ന് ചടങ്ങില്‍ സംസാരിച്ച ഭവന്‍സ് മിഡില്‍ ഈസ്റ്റ് ചെയര്മാന് എന്‍.കെ.രാമചന്ദ്രമേനോന്‍ അഭിപ്രായപ്പെട്ടു. കുവൈറ്റ് ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും യോഗപരിശീലനം നടത്തി. മനുഷ്യന്റെ ആരോഗ്യത്തിനും നന്മക്കും ഉതകുന്ന സമഗ്രമായ ദര്‍ശനമാണ് യോഗയെന്ന് ചടങ്ങില്‍ സംസാരിച്ച പ്രിന്‍സിപ്പല്‍ മഹേഷ് അയ്യര്‍ അഭിപ്രായപ്പെട്ടു.
വൈസ് പ്രിന്‍സിപ്പല്‍ ആല്ബിന് ഡെയ്സി, കെ.ജി.സൂപ്പര്‍വൈസര്‍ രജനിമേനോന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.