ഐസ്വാള്‍ : മിസോറാമില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലര്‍ച്ചെ 4.10 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്പനത്തോടെയായിരുന്നു ഭൂചലനം. പ്രകമ്പനം അയല്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ചാംമ്പയില്‍ നിന്നും 27 കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമത്തെ തവണയാണ് മിസോറാമില്‍ ശക്തമായ ഭൂചലനം അനുഭവപ്പെടുന്നത്. ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് ഐസ്വാള്‍ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍സ്കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശ നഷ്ടങ്ങളോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തില്ല.
അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായി ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.