ന്യൂഡല്‍ഹി:ചൈനയ്ക്ക് കനത്ത മുന്നറിയിപ്പുമായി ഇന്ത്യ. ബലപ്രയോഗത്തിലൂടെ നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ചൈന ശ്രമിക്കുകയാണെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്കി.
സൈന്യത്തെ ഉപയോഗിച്ചോ ബലപ്രയോഗത്തിലൂടെയോ നിലവിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം വരുത്താന്‍ ചൈന ശ്രമിക്കാതിരിക്കുകയാണ് ലഡാക്കിലെ സംഘര്‍ഷം ഒഴിവാക്കാനുള്ള ഏക മാര്‍ഗമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി അറിയിച്ചു. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിന്നാലല്ലാതെ ഇന്ത്യ ചൈന ഉഭയകക്ഷി ബന്ധത്തില്‍ പുരോഗതി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ നടപടികള്‍ ഉഭയകക്ഷി ബന്ധത്തിന്റെ വിശ്വാസതയ്ക്ക് വിള്ളല്‍ വീഴ്ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സൈനികരുടെ സാധാരണ പെട്രോളിംഗിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ ചൈന അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാല്‍വാന്‍ താഴ്വരയുടെ മേലുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ല. താഴ്വരയിലെ നിയന്ത്രണരേഖയുടെ അതിര് വരമ്പുകളെ കുറിച്ച് ഇന്ത്യക്ക് വ്യക്തതയുണ്ട്. നിയന്ത്രണ രേഖ ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ടെന്നും മിസ്രി പറഞ്ഞു.
വിഷയത്തില്‍ സൈനിക തലത്തിലുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലിവിലെ സാഹചര്യത്തിന്റെ തീവ്രത കുറയ്ക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ചൈന തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്നും മിസ്രി വ്യക്തമാക്കി.