ന്യൂഡല്‍ഹി: മണ്‍സൂണ്‍ തകര്‍ത്തുപെയ്യുന്നതിനിടെ വെട്ടുകിളികള്‍ വിമാനത്താവള പരിസരം കയ്യടക്കുന്നു. ഉത്തരേന്ത്യയിലെ പാടശേഖരങ്ങളില്‍ വന്‍വിളനാശം വരുത്തിയ വെട്ടുകിളി ശല്യം ഒന്നു കുറഞ്ഞു നില്‍ക്കുന്നതിനിടെയാണ് വിമാനത്താവള പരിസരത്ത് കടന്നിരിക്കുന്നത്. ഒരാഴ്ചയായി പെട്ടുന്ന കനത്ത മഴ ഒന്നടങ്ങിയതോടെയാണ് വെട്ടുകിളികള്‍ കാഴ്ചയ്ക്ക് തടസ്സമാകുന്നതായി പൈലറ്റുമാരുടെ മുന്നറിയിപ്പ്.
ഇന്നലെ മുതല്‍ ആഭ്യന്തര സേവനം നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഡല്‍ഹി വിമാനത്താ വളത്തില്‍ നിന്നും മുന്നറിയിപ്പ് സൂചന നല്‍കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഗുരുഗ്രാം-ദ്വാരക എക്സ്പ്രസ്സ് ഹൈവേ കടന്നു പോകുന്ന പാടശേഖരങ്ങള്‍ വിമാനത്താവള ത്തിനിടുത്തായതാണ് വെട്ടുകിളി ശല്യം കൂടാന്‍ കാരണമെന്നാണ് പറയുന്നത്.
വെട്ടുകിളികള്‍ വിമാനത്താവള പരിസരത്ത് പറക്കുന്നതായ സൂചന പൈലറ്റുമാര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്’ ഡല്‍ഹി എയര്‍ ട്രാഫിക് കണ്ട്രോള് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഡല്‍ഹി വിമാനത്താവളം കൊറോണകാലത്തും നിരവധി വിമാനങ്ങള്‍ക്കായി നിരന്തരം പ്രവര്‍ത്തന സജ്ജമായിരുന്നു. നിലവില്‍ പ്രതിദിനം 500 വിമാനങ്ങള്‍ സേവനം നടത്തുന്നുണ്ട്.
പാകിസ്താന്റെ കൃഷിയിടങ്ങളില്‍ നിന്നും രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഹെക്ടര്‍കണക്കിന് കൃഷിയിടങ്ങളിലാണ് വെട്ടുകിളികള്‍ കനത്ത നാശം വിതച്ചത്. നിലവില്‍ വലിയ മരുന്നു തളിയന്ത്രങ്ങള് പാരശേഖരങ്ങളില് വെട്ടുകിളി നാശത്തിനായി പ്രയോഗിക്കുകയാണ്. ബ്രിട്ടണില്‍ നിന്നും ഹെലികോപ്റററുകളില് ഘടിപ്പിക്കാവുന്ന യന്ത്രങ്ങള്‍കൂടി ഈ മാസം ഉപയോഗിക്കുമെന്ന് കാര്‍ഷിക മന്ത്രാലയം അറിയിച്ചിരുന്നു.