തിരുവനന്തപുരം: കുളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സംസ്ഥാന പോലീസ് മേധാവിയുടെ പാരിതോഷികം. പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന 19കാരനെ രക്ഷപ്പെടുത്തിയ സിവിൽ പോലീസ് ഓഫീസർക്ക് 5,000 രൂപ പാരിതോഷികവും മെറിറ്റോറിയസ് സർവീസ് എൻട്രിയും നൽകാനാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്.
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ യുവാവിനെയാണ് മേൽപ്പറമ്പ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ രഞ്ജിത്ത് കുമാർ രക്ഷപ്പെടുത്തിയത്. കരയ്ക്കെത്തിച്ച് കൃത്രിമ ശ്വാസം നൽകിയശേഷമാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.