ദോഹ* ഖത്തറിലെ ഫുവൈരിത് ബീച്ചില്‍ നഗരസഭാ പരിസ്ഥിതി സംരക്ഷണ മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വിഭാഗത്തിന്റെ കരുതലില്‍ ഇത്തവണ വിരിഞ്ഞത് 2000 ഹോക്സ്ബില്‍ കടലാമക്കുഞ്ഞുങ്ങള്‍. വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബിലുകളുടെ പരിരക്ഷണത്തിന് എല്ലാ വര്‍ഷവും ഇവയുടെ പ്രജനന കാലത്ത് ബീച്ചിലേക്ക് അധികൃതര്‍ ആര്‍ക്കും പ്രവേശനം അനുവദിക്കില്ല. 1982ല്‍ ആണ് ഹോക്സ്ബില്‍ കടലാമകള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗമായി പ്രഖ്യാപിക്കപ്പെട്ടത്. ഫുവൈരിതില്‍ ഹോക്സ്ബിലുകള് മുട്ടയിടുന്നത് ശ്രദ്ധയില്‍പെട്ടതോടെ 2003ല്‍ ആണ് ഖത്തര്‍ ഇവയുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചത്. കഴിഞ്ഞവര്‍ഷം വരെ 15,799 കടലാമക്കുഞ്ഞുങ്ങളാണ് ഫുവൈരിതില്‍ വിരിഞ്ഞത്. കെട്ടിടങ്ങള്‍ ഇല്ലാത്തതും വാഹനങ്ങള്‍ എത്താത്തതും ശബ്ദശല്യം ഏറ്റവും കുറഞ്ഞതുമായ സ്ഥലമാണ് ഫുവൈരിത്. ഇതിനുപുറമേ ബീച്ചിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഹോക്സ്ബിലുകളുടെ പ്രജനനത്തിന് ഇവിടം ഏറ്റവും അനുയോജ്യമാക്കുന്നു.