വലിയ വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും ഞായറാഴ്ച മുതല്‍ അബുദാബിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. അബുദാബി നഗരത്തില്‍ കൂടുതല്‍ ഗതാഗതത്തിരക്കുള്ള രാവിലെ 6.30 മുതല്‍ 9 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണി വരെയും ഹെവി വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും പ്രവേശനമുണ്ടാകില്ല. അതുപോലെ അല്‍ ഐനില്‍ രാവിലെ 6.30 മുതല്‍ 8.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മുതല്‍ 4.00 മണി വരെയും ഹെവി വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും വിലക്കുണ്ടാകും. അതേസമയം ദേശീയ അണുനശീകരണ പരിപാടി പൂര്‍ത്തിയായതിന് ശേഷവും അബുദാബിയില്‍ ഭാഗിക യാത്രാ വിലക്ക് നിലനില്‍ക്കുന്നുണ്ട്.ഇതര എമിറേറ്റിൽനിന്ന് അബുദാബിയിലേക്കുള്ള പ്രവേശന വിലക്ക് തുടരുകയാണ്. അവശ്യസേവന വിഭാഗക്കാർക്കു മാത്രമാണ് പ്രവേശനാനുമതി. അബുദാബിയിൽനിന്നു പുറത്തു പോകുന്നതിനോ എമിറേറ്റിനകത്ത് അൽഐൻ, അൽദഫ്റ ഭാഗങ്ങളിലേക്ക് പോകുന്നതിനോ വിലക്കില്ല. അബുദാബിയിൽ വ്യാപകമായി കൊറോണ പരിശോധന തുടരുന്നതിനാലാണ് നിയന്ത്രണം പിൻവലിക്കാത്തത്.