യുഎഇയിലേക്ക് തിരിച്ച് വരുന്ന വിദേശികൾക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അടുത്തമാസം ഒന്നു മുതൽ മടങ്ങിവരുന്നവർക്കാണ് നിയമം ബാധകമാവുക. യുഎഇ സർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളിൽ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് നടത്തിയ പരിശോധനഫലം വിമാനത്താവളങ്ങളിൽ ഹാജരാക്കണം. അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് യുഎഇ വിമാനത്താവളങ്ങളിൽ കൊറോണ പരിശോധന നടത്തും. 17 രാജ്യങ്ങളിലായി 107 അംഗീകൃത പരിശോധനാ കേന്ദ്രങ്ങളാണുള്ളതെന്നും അതോറിറ്റി വ്യക്തമാക്കി.
അടുത്ത ഘട്ടത്തിൽ കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ ഉൾപ്പെടുത്തുമെന്നും smartservices.ica.gov.ae എന്ന വെബ്സൈറ്റിലൂടെ ലബോട്ടറികളുടെ പട്ടിക ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നാണു പ്രവാസികൾക്ക് തിരിച്ചുവരാൻ സാധിക്കുക.ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് വിമാനസർവീസ് ആരംഭിക്കാത്ത സഹചര്യത്തിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് മടങ്ങിയെത്താൻ ഇനിയും കാത്തിരിക്കണം.