ന്യൂഡല്‍ഹി : പിഎം ഗരീബ് കല്യാണ്‍ യോജനയുടെ കാലാവധി നീട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വര്‍ഷം നവംബര്‍വരെയാണ് പദ്ധതിയുടെ കാലാവധി നീട്ടിയത്. വരും മാസങ്ങളിലെ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് പദ്ധതിയുടെ കാലാവധി അഞ്ച് മാസം കൂടി നീട്ടി നല്‍കന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അണ്‍ലോക്ക് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം പദ്ധതിയുടെ കാലാവധി നീട്ടുന്നതായി അറിയിച്ചത്.
ഗരീബ് കല്യാണ്‍ യോജനയുടെ കാലാവധി നീട്ടിയതോടെ രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് നവംബര്‍ മാസം വരെ അഞ്ച് കിലോ വീതം ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി ലഭിക്കും. 90,000 കോടിയാണ് ഇതിനായി സര്‍ക്കാരിന് ചിലവ് വരുന്നത്.
ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 31,0000 കോടി രൂപ 20 കോടി പാവപ്പെട്ടവരുടെ ബങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ഇതിന് പുറമേ കര്‍ഷകര്‍ക്ക് സഹായമായി ഇതുവരെ 18,000 കോടി രൂപയും സര്‍ക്കാര്‍ നല്കി.
ഇന്ന് പാവങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാരിന് സൗജന്യമായി നല്കാന് കഴിയുന്നുണ്ട് എങ്കില്‍ അതിന്റെ അംഗീകാരം സമൂഹത്തിലെ രണ്ട് വിഭാഗക്കാര്‍ക്കുള്ളതാണ്. കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരാണ് ആദ്യത്തെ വിഭാഗം. രണ്ടാമത്തെ വിഭാഗം ആകട്ടെ സത്യസന്ധമായി നികുതി അടക്കുന്നവരും. ഇരു വിഭാഗങ്ങള്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.