ശ്രീനഗര്‍: ഇന്ത്യയിലേക്ക് നിരന്തരം ഭീകരരെ അയക്കാനാണ് പാകിസ്താന്റെ ശ്രമമെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. പാകിസ്താന്റെ ശ്രമങ്ങള്‍ ഇന്ത്യ തുടര്‍ച്ചയായി പരാജയപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും ഭാവിയിലും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയെ ചെറുക്കാനായി ശക്തമായ നടപടികളാണ് ജമ്മു കശ്മീരില്‍ നടപ്പിലാക്കുന്നത്. ഈ മാസം 48 ഭീകരരെയാണ് കശ്മീരില്‍ സുരക്ഷാ സേന വധിച്ചത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറടക്കം 128 ഓളം ഭീകരരെ ഈ വര്‍ഷം സുരക്ഷാ സേന വധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭീകരരുടെ കേന്ദ്രമായിരുന്ന ദക്ഷിണ കശ്മീരില്‍ ഭീകരരുടെ എണ്ണം ഇപ്പോള്‍ വളരെയേറെ കുറഞ്ഞിട്ടുണ്ട്. ഭീകരതയിലേക്ക് ആകൃഷ്ടരായി പോകുന്ന യുവാക്കളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകരതയിലേക്ക് ആകൃഷ്ടരാകുന്ന യുവാക്കള്‍ക്ക് ബോധവത്കരണം നല്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ എത്തിക്കാനും സുരക്ഷാ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയിലും ആഭ്യന്തര മേഖലകളിലും സുരക്ഷാ സേന ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ദില്‍ബാഗ് സിംഗ് വ്യക്തമാക്കി.