ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. കുപ്വാരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ നുഴഞ്ഞു കയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയ വിവരം സൈനിക വൃത്തങ്ങളാണ് അറിയിച്ചത്. രാത്രിയോടെ സംശയാസ്പദമായ നീക്കം നടക്കുന്നതായി സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് എട്ടോളം ഭീകരര്‍ ഇരുട്ടിന്റെ മറ പറ്റി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതായി കണ്ടത്. തുടര്‍ന്ന് സൈന്യം ശക്തമായി പ്രതിരോധിച്ചു. രണ്ട് സംഘങ്ങളിലായിരുന്നു ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതെന്ന് സൈന്യം അറിയിച്ചു.
ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഭീകരര്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
അതേസമയം ജമ്മു കശ്മീരിനെ ഭീകരമുക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ സൈന്യം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 2020 ല്‍ ഇതുവരെ 100 ലധികം ഭീകരരെയാണ് സൈന്യം വധിച്ചിരിക്കുന്നത്. നിരവധി നുഴഞ്ഞു കയറ്റ ശ്രമങ്ങളും പരാജയപ്പെടുത്തിയിട്ടുണ്ട്.