ന്യൂയോര്‍ക്ക് : ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. തീരുമാനം ഇന്ത്യയുടെ പരമാധികാരം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചുകൊണ്ടുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിക്കുന്നു. തീരുമാനം ഇന്ത്യയുടെ മുഖ മുദ്രകളായ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവ ശക്തിപ്പെടുത്തും- മൈക്ക് പോംപിയോ പറഞ്ഞു.
തിങ്കളാഴ്ചയാണ് 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ആപ്ലിക്കേഷനുകളില്‍ ഗുരുതര സുരക്ഷ വീഴ്ചയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്ത്യ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അമേരിക്ക രണ്ട് ചൈനീസ് കമ്പനികളെ നിരോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മൈക്ക് പോംപിയോയുടെ പ്രതികരണം.
ലഡാക്ക് വിഷയത്തില്‍ ഇന്ത്യക്ക് പിന്തുണ നല്കുന്ന അമേരിക്ക നിരവധി തവണയാണ് ചൈനയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. കൊറോണ വ്യാപനവും, ഇന്ത്യക്കെതിരെ ചൈന നടത്തുന്ന പ്രകോപനങ്ങളും എല്ലാം തന്നെ അമേരിക്കയില്‍ പ്രതിഷേധമുളവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ചൈനക്കെതിരെ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്നുണ്ട്.