ബെയ്ജിംഗ് : ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെ കനത്ത സാമ്പത്തിക നഷ്ടം നേരിട്ട് ചൈനീസ് ഇന്റര്‍നെറ്റ് കമ്പനികള്‍. ഇന്ത്യയുടെ നീക്കം ചൈനയിലെ ഇന്റര്‍നെറ്റ് കമ്പനികളുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത് . ഇതില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടായത് ടിക് ടോകിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്സിനാണ്.
ഇന്ത്യ ടിക് ടോക് നിരോധിച്ചതിലൂടെ ബൈറ്റ് ഡാന്‍സിന് ആറ് ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായി ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേവലം രണ്ട് ദിവസത്തിനുള്ളിലാണ് ഇത്രയും അധികം രൂപയുടെ നഷ്ടം ബൈറ്റ് ഡാന്‍സിന് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും നഷ്ടം ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ടിക് ടോക്കിനായി ബൈറ്റ് ഡന്‍സ് നടത്തിയിരിക്കുന്നത്. എന്നാല്‍ ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ഉണ്ടായ നഷ്ടം മറ്റ് 58 ആപ്ലിക്കേഷനുകളുടെയും സംയോജിത നഷ്ടത്തെക്കാള്‍ വളരെ കൂടുതലാണ്. അമേരിക്കയെക്കാള്‍ ടിക് ടോകിന് കൂടുതല്‍ ഉപഭോക്താക്കള്‍ ഉണ്ടായിരുന്ന രാജ്യം ഇന്ത്യയാണ്. 112 മില്യണ്‍ തവണ ഇന്ത്യയിലെ ജനങ്ങള്‍ ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ടിക് ടോക് ഇന്ത്യ നിരോധിച്ചത് ബൈറ്റ് ഡാന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാണ്.