ഹോങ്കോംഗ്: ഹോങ്കോംഗിനു മേല്‍ ആധിപത്യം ഉറപ്പിക്കാന്‍ വിവാദസുരക്ഷ നിയമം ചൈന പാസാക്കിയതിന് പിന്നാലെ മേഖലയില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ചൈനയുടെ പുതിയ ദേശീയ സുരക്ഷ നിയമ പ്രകാരമുള്ള ആദ്യ അറസ്റ്റും ഹോങ്കോംഗില്‍ രേഖപ്പെടുത്തി. ബ്രിട്ടീഷ് ഭരണം അവസാനിച്ചതിന്റെ 23ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജനാധിപത്യ റാലിയില്‍ പങ്കെടുത്ത 10 പേരെയാണ് അറസ്റ്റ് ചെയ്തത്. 360ഓളം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹോങ്കോംഗിന്റെ സ്വാതന്ത്ര്യമാവശ്യപ്പെടുന്ന പതാകകളും ഇവരില്‍ പലരും ഉയര്‍ത്തിയിരുന്നു. ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം, ടിബറ്റ്, ഷിന്‍ജിയാങ്, തയ്വാന് മേഖലകളുടെ സ്വാതന്ത്ര്യം, ഇവയുമായി ബന്ധപ്പെട്ട പതാകകള്‍, ബാനറുകള്‍ എന്നിവ ഉയര്‍ത്തുന്നതുമെല്ലാം പുതിയ സുരക്ഷ നിയമത്തിന് കീഴില്‍ ഗുരുതര നിയമ ലംഘനമായാണ് കണക്കാക്കുന്നത്. അതേസമയം അറസ്റ്റ് ഹോങ്കോംഗിന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ഒത്തുകൂടുന്നതിന് വിലക്കുണ്ടെന്നും, ഇത് ലംഘിച്ചതിനാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതെന്നുമാണ് ഔദ്യോഗിക വിശദീകരണം. അറസ്റ്റിനെതിരെ വിവിധ ലോകരാജ്യങ്ങള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്. പുതിയ നിയമ പ്രകാരം അറസ്റ്റിലാകുന്നവര്‍ക്ക് ജീവപര്യന്തം തടവ് വരെ ലഭിച്ചേക്കാം.