മോസ്കോ: വ്ളാഡിമിര്‍ പുടിന് 2036 വരെ ഭരണത്തില്‍ തുടരാന്‍ അവസരമൊരുക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാരുടെ അംഗീകാരം. കഴിഞ്ഞ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദം വഹിക്കുന്ന പുടിന്റെ നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണ്. ആറ് വര്‍ഷമാണ് റഷ്യന്‍ പ്രസിഡന്റിന്റെ കാലാവധി. തുടര്‍ച്ചയായി രണ്ട് തവണയേ ഈ പദവി വഹിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ നിലവില്‍ അധികാരത്തിലുള്ള പുടിന് ഇടയ്ക്ക് പ്രധാനമന്ത്രി പദവും കൂടി വഹിച്ചാണ് ഈ വ്യവസ്ഥയെ മറികടന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ്, പെന്ഷന്, സ്വവര്‍ഗ വിവാഹ നിരോധനം തുടങ്ങിയ വിഷയങ്ങളും വോട്ടെടുപ്പിന് വച്ചിരുന്നു. ജനുവരിയിലാണ് ഭരണഘടന മാറ്റത്തിനുള്ള വോട്ടെടുപ്പ് നിര്‍ദ്ദേശിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടി വച്ച തെരഞ്ഞെടുപ്പ് ഇന്നലെയാണ് അവസാനിച്ചത്. 55 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 77 ശതമാനം ആളുകളും ഭരണഘടന ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.