മലപ്പുറം: സംസ്ഥാനത്ത ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്. പുതുതായി 35 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 325 ആയി ഉയര്‍ന്നു.
ഇന്ന് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരില്‍ മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലും നാല് പേര് എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി അടുത്തിടപഴകിയ 56 വയസുകാരന്, ജൂണ്‍ 28ന് രോഗം സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറുമായി അടുത്തിടപഴകിയ ആശുപത്രി ജീവനക്കാരി മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിനി, എടപ്പാള്‍ ശുകപുരം ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വിധേയനായ എടപ്പാള്‍ അയിലക്കാടുള്ള ഒരു വയസുകാരന് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ജൂണ്‍ 18ന് ബംഗളൂരുവില്‍ നിന്നെത്തിയ കാടാമ്പുഴ സ്വദേശി, ജൂണ്‍ 26ന് ബംഗളൂരുവില്‍ നിന്നെത്തിയ പടപ്പറമ്പ് കണ്ണമംഗലം സ്വദേശി, ജൂണ്‍ 17ന് ചെന്നൈയില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍. ഇന്ന് ജില്ലയില്‍ ആരും രോഗമുക്തരായില്ല.