ലേ: ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ജവാന്മാരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ-ചൈനാ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലഡാക്ക് സന്ദര്‍ശനത്തിനെത്തിയതാണ് അദ്ദേഹം. ഇന്ത്യന്‍ മണ്ണില്‍ കണ്ണുവെച്ചവര്‍ക്ക് ഗാല്‍വനില്‍ സൈന്യം ഉചിതമായ മറുപടി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സയിലുള്ള ജവാന്മാരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ധീരജവാന്മാരുടെ വീര ത്യാഗം വെറുതെയാകില്ല. രാജ്യത്തെ ജവാന്മാര് കാണിച്ച ധീരതയും ശൗര്യവും രാജ്യത്തെ യുവജനങ്ങള്‍ക്കും പൗരന്മാര്ക്കും തലമുറകളോളം പ്രചോദനം നല്‍കും.
ജവാന്മാര് കാണിച്ച ധീരത ലോകത്തിന് ശക്തമായ സന്ദേശമാണ് നല്‍കിയത്. ഇന്ത്യന്‍ സൈനികരുടെ ധീരത ലോകം വിശകലനം ചെയ്യുകയാണിപ്പോള്‍. ശക്തരായ എതിരാളികളെ നേരിട്ട ഈ ധീരര്‍ ആരാണെന്നും അവര്‍ക്ക് ലഭിച്ച പരിശീലനം എന്താണെന്നും അറിയാന്‍ ലോകത്തിന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ലോകശക്തിയ്ക്ക് മുന്നിലും ഇന്ത്യ തലകുനിച്ചിട്ടില്ല. ഒരിക്കലും തലകുനിക്കുകയുമില്ല. ധീരയോദ്ധാക്കളുള്ളതിനാലാണ് തനിക്ക് ഇങ്ങനെ പറയാന്‍ സാധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജവാന്മാരെ ആദരിക്കുന്നതിനൊപ്പം ധീരജവാന്മാര്ക്ക് ജന്മം നല്കിയ അവരുടെ അമ്മമാര്‍ക്കും ആദരവ് അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജവാന്മാരെ നേരില്‍ കണ്ട് നന്ദി അറിയിക്കാനാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്. പരിക്കേറ്റ ജവാന്മാരെല്ലാം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.