തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തെ അപമാനിച്ച് ട്രോള്‍ ഗ്രൂപ്പ്. ഇന്റര്‍നാഷണല്‍ ചളി യൂണിയന്(ഐസിയു) എന്ന ഗ്രൂപ്പാണ് പ്രധാനമന്ത്രിയേയും ഇന്ത്യന്‍ സൈന്യത്തേയും അപമാനിച്ച് ട്രോള്‍ പ്രചരിപ്പിക്കുന്നത്. സിപിഎമ്മും തീവ്രഇസ്ലാമിസ്റ്റുകളും സംയുക്തമായി നടത്തുന്ന ട്രോള്‍ ഗ്രൂപ്പാണ് ഐസിയു.
പ്രധാനമന്ത്രിയും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സൈനികരെ സന്ദര്‍ശിക്കാനായി അതിര്‍ത്തിയിലെത്തിയ ചിത്രത്തെയാണ് ഐസിയു ട്രോളിലൂടെ അപമാനിച്ചത്. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി സൈന്യത്തിന് ആത്മവിശ്വാസം പകരാനായി ലഡാക്കിലെത്തിയത്. എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കരിവാരി തേക്കുന്നതിലൂടെ സൈന്യത്തെ ഒന്നടങ്കം അപമാനിക്കുകയാണ് ഐസിയു.
ഐസിയു അഡ്മിനും പത്തനംതിട്ട സ്വദേശിയുമായ അഖില്‍ മാലൂരാണ് പ്രധാനമന്ത്രിയേയും സൈന്യത്തേയും അപമാനിച്ച് ട്രോള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ട്രോള്‍ വലിയ വിവാദമായിട്ടും അഖില്‍ മാലൂര്‍ തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയാണുണ്ടായത്. പ്രധാനമന്ത്രിയുടെ പിആര്‍ ടീം അവസരം മുതലാക്കാന്‍ ഇറങ്ങിയതാണെന്നായിരുന്നു അഖിലിന്റെ മറുപടി.