ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെച്ചു. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പ്രൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരമാനം. സെപ്തംബര്‍ 17 ലാണ് നീറ്റ് പരീക്ഷ.
സെപ്തംബര്‍ 1 മുതല്‍ ആറു വരെയുള്ള തീയതികളിലാണ് ജെഇഇ മെയിന്‍ പരീക്ഷ നടക്കുക. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്തംബര്‍ 27 ലേക്കും മാറ്റിവെച്ചു. ജൂലൈ അവസാനവാരമാണ് ജെഇഇ നീറ്റ് പരീക്ഷകള്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. രാജ്യത്ത് കൊറോണ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നീട്ടിവെയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
തുടര്‍ന്ന് വിഷയം പഠിക്കാനായി കേന്ദ്രം കഴിഞ്ഞ ദിവസം വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു. പരീക്ഷ മാറ്റിവെയ്ക്കേണ്ട സാഹചര്യമുണ്ടോയെന്ന് വിദഗ്ധ സമിതി പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചത്.