ചെന്നൈ: തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും കൊറോണ വ്യാപനം രൂക്ഷമാകുന്നു. തമിഴ്നാട്ടില്‍ ഇന്ന് മാത്രം 4,329 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,02,721 പോസിറ്റീവ് കേസുകളാണ് തമിഴ്നാട്ടില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
42,955 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 58,378 പേര് രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 64 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 1385 ആയി. തലസ്ഥാന നഗരമായ ചെന്നൈയിലാണ് രോഗവ്യാപനം ഏറ്റവും അധികം രൂക്ഷമായി തുടരുന്നത്. 64,689 പേര്‍ക്കാണ് ചെന്നൈയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, മധുര, കാഞ്ചീപുരം, തിരുവണ്ണാമലൈ എന്നീ ജില്ലകളിലും കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
അതേസമയം മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്ന് 6,324 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1,92,990 ആയി ഉയര്‍ന്നു. 79,911 പേര് നിലവില്‍ ചികിത്സയിലുണ്ട്. 1,04687 പേര് രോഗമുക്തരായിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 8,367 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ജീവന് നഷ്ടപ്പെട്ടത്.
മഹാരാഷ്ട്രയില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,375 പേര്‍ക്കാണ് മുംബൈയില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 82,074 ആയി. ധാരാവിയിലും കൊറോണ വ്യാപനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ധാരാവിയില്‍ ഇന്ന് മാത്രം എട്ട് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.