വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ യുഎഇയില്‍ നിന്ന് പുതിയതായി ഉൾപ്പെടുത്തിയ 9 വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.ഷാര്‍ജയില്‍ നിന്ന് കേരളം,തമിഴ്നാട്,തെലുങ്കാന എന്നിവിടങ്ങളിലേക്കാണ് സർവീസ്.നാട്ടിലേക്ക് മടങ്ങാനായി അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ രജിസ്റ്റർ ചെയ്തവർക്കാണ് ടിക്കറ്റ് എടുക്കാൻ സാധിക്കുക.എയര്‍ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഓഫീസുകള്‍ വഴിയോ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റായ www.airindiaexpress.in വഴിയോ അല്ലെങ്കില്‍ യുഎഇയിലെ അംഗീകൃത ഏജന്റുമാര്‍ വഴിയോ ടിക്കറ്റെടുക്കാം.
പത്താം തീയ്യതി രാത്രി എട്ട് മണിക്ക് തിരുവനന്തപുരത്തേക്കും, പതിനൊന്നാം തീയ്യതി രാവിലെ എട്ട് മണിക്ക് കൊച്ചിയിലേക്കും, പതിനാലാം തീയ്യതി ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് തിരുവനന്തപുരത്തേക്കുമാണ് പുതിയതായി കേരളത്തിലേക്ക് ഏർപ്പെടുത്തിയ സര്‍വീസുകള്‍. ഇതിന് പുറമെ മധുര, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സർവീസ് ഉണ്ടായിരിക്കും.വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മേയ് ഏഴ് മുതൽ 1,25,000 ഇന്ത്യക്കാർ യു.എ.ഇ.യിൽനിന്ന് മടങ്ങിയതായി അബുദാബി ഇന്ത്യൻ എംബസി അറിയിച്ചു.നാട്ടിലേക്ക് മടങ്ങാൻ താത്പര്യമുള്ള എല്ലാവരെയും തിരികെ എത്തിക്കുന്നതുവരെ വന്ദേഭാരത് ദൗത്യം തുടരുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.4,50,000 ഇന്ത്യക്കാരാണ് മടക്കയാത്രയ്ക്ക് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.