മലപ്പുറം : ജില്ലയില്‍ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച യുവാവ് നിരീക്ഷണം ലംഘിച്ചതായി അധികൃതര്‍. ഇയാള്‍ നിരവധി പേരുമായി സമ്പര്ക്കത്തിലേര്പ്പെട്ടെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനായി അധികൃതര്‍ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇതിനിടെയാണ് യുവാവ് നിരീക്ഷണം ലംഘിച്ച് പുറത്ത് കറങ്ങി നടന്നതായി അധികൃതര്‍ കണ്ടെത്തിയത്.
ജമ്മുവില്‍ ആയിരുന്ന ഇയാള്‍ ജൂണ്‍ 18 നാണ് മലപ്പുറത്ത് എത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ നിര്‍ദ്ദേശം ലംഘിച്ച് കടകളില്‍ ഉള്‍പ്പെടെ പോകുകയും നിരവധി ആളുകളുമായി ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. നിരീക്ഷണം ലംഘിച്ച് ഇയാള്‍ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാപാരികളോട് കട അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
നിലവില്‍ മലപ്പുറത്ത് സ്ഥിതിഗതികള്‍ ഗൗരവതരമാണ്. കഴിഞ്ഞ ദിവസം മാത്രം 35 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് പുറമേ സമൂഹവ്യാപന സംശയവും ജില്ലയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും എന്നാണ് വിലയിരുത്തല്‍.