ലേ: ലഡാക്കിലെ സൈനികരെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സിന്ധുനദിയില്‍ പൂജകള്‍ നടത്തി. നിമുവിലെ സിന്ധു നദി ഒഴുകുന്ന തീരത്താണ് സിന്ധു ദര്ശന് പൂജ നരേന്ദ്രമോദി നടത്തിയത്. പ്രത്യേകം തയ്യാറാക്കിയ ബോട്ടില്‍ നിന്നുകൊണ്ട് സിന്ധു നദിയിലേക്ക് പൂക്കളും മറ്റ് പൂജാദ്രവ്യങ്ങളും അര്‍പ്പിച്ചാണ് നരേന്ദ്രമോദി പരാമ്പരാഗത പൂജ നടത്തിയത്. പ്രധാനമന്ത്രിക്കൊപ്പം പ്രദേശത്തെ ക്ഷേത്രത്തിലെ പൂജാരിമാരും ചടങ്ങ് നടത്താന്‍ ഉണ്ടായിരുന്നു.
ഉത്തരേന്ത്യയില്‍ പുണ്യനദികളെ സന്ദര്‍ശിക്കുന്നവര്‍ നടത്തുന്ന പ്രത്യേക പൂജയാണ് നദീ വന്ദനത്തിലുള്ളത്. ഒരോ നദിയേയും ദേവതയായി കണക്കാക്കുന്നതിനാല്‍ പ്രത്യേക മന്ത്രങ്ങളും ശ്ലോകങ്ങളും ചൊല്ലിയാണ് പൂജകള്‍ നടത്തുക.
ഹിമാലയത്തില്‍ നിന്നും ഉത്ഭവിക്കുന്ന സിന്ധു നദീ ദര്‍ശനം നന്നായി ആസ്വദിക്കാന്‍ പറ്റുന്ന മേഖലകള്‍ ലഡാക്കിലാണുള്ളത്.എല്ലാ പൗര്‍ണ്ണമി നാളിലുമാണ് സിന്ധുദര്‍ശന്‍ ചടങ്ങുകള്‍ ഹിമാലയഗ്രാമങ്ങളില് ആഘോഷപൂര്‍വ്വം നടത്തുന്നത്. മൂന്നുദിവസമായി നടക്കുന്ന ആഘോഷത്തില്‍ പങ്കുചേരാന്‍ ലഭിച്ച അവസരം ഏറെ സന്തോഷവും അഭിമാനവും നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു. സിന്ധു നദി ഇന്ത്യയുടെ അഖണ്ഡതയുടെ പ്രതീകമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു.