ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തിലേക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,48,315 ആയി. ഇതുവരെ 3,94,227 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 442 പേര്‍ക്ക് കൊറോണയെ തുടര്‍ന്ന് ജീവന് നഷ്ടമായി. 18,655 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 2,35,433 പേര് വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നുണ്ട്. ഇതുവരെ 1,92,990 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം കൊറോണയെ തുടര്‍ന്ന് 198 പേര്‍ക്ക് ജീവന് നഷ്ടമായി. ഇതോടെ മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 8,376 ആയി.
മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്നാട്ടിലും കൊറോണ ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇതില്‍ 58,378 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 42,955 പേരാണ് തമിഴ്നാട്ടില്‍ ചികിത്സയില്‍ കഴിയുന്നത്. ഡല്‍ഹിയിലും കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.
രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 60 ശതമാനമായി ഉയര്‍ന്നെന്നും അധികൃതര്‍ പറഞ്ഞു.