ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഇന്ത്യാ- ചൈന സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതിനെ ചിലര്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന് സൈന്യം. പ്രധാനമന്ത്രി സന്ദര്‍ശിച്ച ആശുപത്രിയെ കുറിച്ച് ചിലര്‍ ദുരുദ്ദേശപരമായ പ്രചാരണം നടത്തുകയാണെന്ന് സൈന്യം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി പ്രത്യേക ചികിത്സാ കേന്ദ്രം ഒരുക്കിയെന്നായിരുന്നു ചിലരുടെ പ്രചാരണം. എന്നാല്‍ ഈ പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും ജവാന്മാര്ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അതിനായി സജ്ജമാക്കിയ ആശുപത്രിയിലാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലേയിലെ ജനറല്‍ ആശുപത്രിയുടെ ഭാഗമായാണ് സൈനികരെ ചികിത്സിക്കുന്ന സംവിധാനം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ചില വാര്‍ഡുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ നേരത്തെ ട്രെയിനിംഗ് ഓഡിയോ വീഡിയോ ഹാള്‍ ആയി ഉപയോഗിച്ചിരുന്ന സ്ഥലം വാര്‍ഡാക്കി മാറ്റുകയായിരുന്നു. ജനറല്‍ ആശുപത്രി കൊറോണ ആശുപത്രിയാക്കി മാറ്റിയത് മുതല്‍ ഈ സജ്ജീകരണം വരുത്തിയിട്ടുണ്ടെന്ന് സൈന്യം വ്യക്തമാക്കി.
പരിക്കേറ്റ സൈനികരെ കാണാന്‍ കരസേനാ മേധാവിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇവിടെ തന്നെയാണ് എത്തിയതെന്നും സൈനിക വൃത്തങ്ങള്‍ വിശദമാക്കി.