ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള മനുഷ്യജീവിതങ്ങളെയും സമ്പദ്വ്യവസ്ഥകളെയും മഹാമാരി ബാധിക്കുമ്പോള്‍ പ്രത്യാശയുടെ ദീപസ്തംഭമാണ് ബുദ്ധസന്ദേശം എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ധര്‍മ്മ ചക്ര ദിനാചരണമായ ഇന്ന് അന്താരാഷ്ട്ര ബുദ്ധമത കോണ്‍ഫെഡറേഷന്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ആനന്ദം അനുഭവിക്കണമെങ്കില്‍ അത്യാഗ്രഹം, വിദ്വേഷം, അക്രമം, അസൂയ, മറ്റു ദുര്‍വാസനകള്‍ എന്നിവ വെടിയണമെന്ന് ബുദ്ധന് ജനങ്ങളെ ഉപദേശിച്ചു. ബുദ്ധന്റെ ഉപദേശത്തിനു വിരുദ്ധമായി പഴയ അതേ അക്രമത്തിലും പ്രകൃതി നശീകരണത്തിലും മനുഷ്യരാശി പശ്ചാതാപമില്ലാതെ ഏര്‍പ്പെടുന്നതായാണ് കാണുന്നത്. കൊറോണ വൈറസിന്റെ താണ്ഡവം മന്ദഗതിയിലാകുന്ന നിമിഷം, അതിലും ഗുരുതരമായ കാലാവസ്ഥ വ്യതിയാനം പോലുള്ള വെല്ലുവിളികളാണ് നമ്മെ കാത്തിരിക്കുന്നതെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
ധര്‍മ്മമെന്ന ആശയത്തിന്റെ പ്രഭവസ്ഥാനം എന്ന നിലയില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. മഹത്തായ സത്യത്തിന്റെ പുതിയ പ്രകടീഭാവം എന്ന നിലക്കാണ് നാം ബുദ്ധമതത്തെ കാണുന്നത്. ബുദ്ധന്റെ ജ്ഞാനോദയവും, നാലു പതിറ്റാണ്ടിലേറെ തുടര്‍ന്ന അദ്ദേഹത്തിന്റെ പ്രബോധനങ്ങളും ബൗദ്ധിക ഉല്പതിഷ്ണുത്വത്തെയും ആത്മീയ വൈവിധ്യത്തെയും ബഹുമാനിക്കുന്ന ഇന്ത്യയുടെ പാരമ്പര്യത്തിന് അനുസൃതമായിരുന്നു. മഹാത്മാഗാന്ധി, ബാബാസാഹേബ് അംബേദ്കര്‍ എന്നീ അതുല്യരായ രണ്ട് മഹാന്മാര് ബുദ്ധന്റെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ഇന്ത്യയുടെ വിധി രൂപപ്പെടുത്തി.
അവരുടെ കാലടികള്‍ പിന്തുടര്ന്ന് ബുദ്ധന്റെ ആഹ്വാനം അനുസരിക്കാനും അദ്ദേഹം തെളിച്ച പാതയിലൂടെ മുന്നേറാനും രാഷ്ട്രപതി ആഹ്വാനം ചെയ്തു. ഹ്രസ്വ-ദീര്‍ഘ കാലയളവുകളില്‍ ലോകം കഷ്ടപ്പാടുകള്‍ നിറഞ്ഞതായി കാണപ്പെടുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധനില്‍ അഭയം തേടിയ രാജാക്കന്മാരുടെയും കടുത്ത മാനസിക തളര്‍ച്ച ബാധിച്ച സമ്പന്നരുടെയും കഥകള്‍ ധാരാളം ഉണ്ട്. ഈ അപൂര്‍ണ്ണ ലോകത്തില്‍ കഷ്ടപ്പാടുകളില്‍ നിന്ന് വിടുതല്‍ കണ്ടെത്താമെന്ന് ബുദ്ധന്റെ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു എന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.