കൊച്ചി: അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. കുഞ്ഞും അമ്മയും ഇനി പെരുമ്പാവൂര്‍ പുല്ലുവഴിയിലെ സ്നേഹ ജ്യോതി ശിശുഭവനിലാകും കഴിയുക. അമ്മയുടെ നാടായ നേപ്പാളിലേക്ക് മടങ്ങും വരെ ഇവരുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
കഴിഞ്ഞ പതിനെട്ടിനാണ് 56 ദിവസം പ്രായമായ കുഞ്ഞിനെ തലക്ക് ക്ഷതമേറ്റ നിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തലക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് ഇടക്കിടെ അപസ്മാരം ഉണ്ടാകുന്ന നിലയിലായിരുന്നു കുട്ടി. കുട്ടിയുടെ തലയിലെ രക്തസ്രാവം നീക്കം ചെയ്യാനായി ആശുപത്രിയില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം നിലമെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉള്ളതായി അശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പെണ്കുഞ്ഞായതിനാലും കുട്ടി തന്റേതല്ലെന്ന സംശയത്തെ തുടര്‍ന്നുമാണ് കുട്ടിയെ പിതാവ് ഷൈജു തോമസ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പോലീസ് പിടിയിലായ ഇയാള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.