പട്ന: ബിഹാറില്‍ ഇടിമിന്നിലേറ്റ് 21 പേര് കൂടി മരിച്ചു. ഗയ, സമസ്തിപൂര്‍, വൈശാലി, നളന്ദ, ഭോജ്പൂര്, ബങ്ക, ജമുയ്, ലഖിസാരായ് എന്നീ ജില്ലകളിലെ ജനങ്ങളാണ് ഇടിമിന്നലേറ്റ് മരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും ബിഹാറില്‍ ഇടിമിന്നലേറ്റ് ജനങ്ങള്‍ മരണപ്പെട്ടിരുന്നു. ഇന്നലെ 29 പേരും ജൂണ്‍ 30 ന് 11 പേരുമാണ് ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായ മഴയാണ് ബിഹാറില്‍ അനുഭവപ്പെടുന്നത്. മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ 90 ല്‍ അധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.